അയ്യപ്പജ്യോതി സന്ദേശം; ഇരുളില്‍നിന്ന് വെളിച്ചത്തിലേക്ക്

Updates from :  Janmabhomi :
ധര്‍മ്മസംരക്ഷണത്തിന് നാം ഒറ്റക്കെട്ടായി മുന്നോട്ട് വരുന്നെന്നും ഇന്നലെവരെ സമൂഹത്തെ ഭിന്നിപ്പിച്ചിരുന്ന പല ഘടകങ്ങളെയും അതിക്രമിച്ച് ഒരുമനസ്സായി ഒരു വചസ്സായി അറിവിന്റെ പ്രകാശത്തെ ജ്വലിപ്പിക്കുന്നതിനായി, ശ്രദ്ധാഭക്തിയോടുകൂടി നമ്മളിതാ ഒത്തൊരുമിച്ചിരിക്കുന്നു. ഒരിക്കലും നമ്മുടെ ആചാരങ്ങളും വിശ്വാസങ്ങളും ധര്‍മ്മമൂല്ല്യങ്ങളും തകര്‍ക്കപ്പെടുകയില്ല, എന്നുള്ള ഒരു ആത്മവിശ്വാസം സമൂഹത്തിന് സ്വയം വളര്‍ത്തിയെടുക്കാന്‍ ഈ അയ്യപ്പജ്യോതി ഉപകരിക്കട്ടെ.

സജ്ജനങ്ങളെ,

കേരളത്തില്‍ തെക്കേയറ്റം മുതല്‍ വടക്കേയറ്റംവരെ അയ്യപ്പജ്യോതി, നമ്മള്‍ ഒത്തൊരുമിച്ച് ജ്വലിപ്പിക്കുകയാണ്. ഈ ഒരു അയ്യപ്പജ്യോതി നമ്മുടെ എല്ലാവരുടെയും കൂട്ടായ്മയോടുകൂടി സാര്‍ത്ഥകമാകുന്ന സമയത്ത്, വ്യക്തമായൊരു സന്ദേശം അത് നമുക്കിടയിലും ഹൈന്ദവാചാര വ്യവസ്ഥകളെ മുഴുവന്‍, ഹൈന്ദവ വിശ്വാസ വ്യവസ്ഥയെ മുഴുവന്‍തന്നെ, ചവിട്ടിമെതിക്കാനും തകര്‍ക്കാനും ഉദ്ദേശിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ഇപ്പോഴത്തെ ഭരണവര്‍ഗ്ഗത്തിനും നല്‍കണമെന്നതാണ് ഈ സന്ദര്‍ഭത്തില്‍ പറയാനുള്ളത്. ധര്‍മ്മസംരക്ഷണത്തിന് നാം ഒറ്റക്കെട്ടായി മുന്നോട്ട് വരുന്നെന്നും ഇന്നലെവരെ സമൂഹത്തെ ഭിന്നിപ്പിച്ചിരുന്ന പല ഘടകങ്ങളെയും അതിക്രമിച്ച് ഒരുമനസ്സായി ഒരു വചസ്സായി അറിവിന്റെ പ്രകാശത്തെ ജ്വലിപ്പിക്കുന്നതിനായി, ശ്രദ്ധാഭക്തിയോടുകൂടി നമ്മളിതാ ഒത്തൊരുമിച്ചിരിക്കുന്നു. ഒരിക്കലും നമ്മുടെ ആചാരങ്ങളും വിശ്വാസങ്ങളും ധര്‍മ്മമൂല്ല്യങ്ങളും തകര്‍ക്കപ്പെടുകയില്ല, എന്നുള്ള ഒരു ആത്മവിശ്വാസം സമൂഹത്തിന് സ്വയം വളര്‍ത്തിയെടുക്കാന്‍ ഈ അയ്യപ്പജ്യോതി ഉപകരിക്കട്ടെ.

ജനകോടികളുടെ ആശയും പ്രതീക്ഷയും ശാന്തിയും സമാധാനവും ആരാധനാ കേന്ദ്രവുമൊക്കെയായിരുന്ന ശബരിമല സന്നിധാനം, ഒരു കോടതിവിധിയുടെ മറവില്‍ അസ്വസ്ഥതയുടെയും തീര്‍ത്തും ധര്‍മ്മവിരുദ്ധതയുടെയും ഹൈന്ദവാചാരവിശ്വാസ പ്രമാണങ്ങളെയൊക്കെ അവഹേളിക്കുന്നതിന്റെയുമൊക്കെ ഒരു രംഗമൂഭിയാക്കി സര്‍ക്കാര്‍ തീര്‍ത്തിരിക്കുകയാണ്. അങ്ങേയറ്റം ധാര്‍ഷ്ട്യത്തോടുകൂടിയ നിലപാടാണ് കഴിഞ്ഞ തുലാമാസം മുതല്‍ ഈ നിമിഷം വരെ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത്. എത്രയോ സുപ്രീംകോടതി വിധികള്‍ നടപ്പിലാക്കാന്‍ സാധിക്കാതെയും നടപ്പിലാക്കാന്‍ പരിശ്രമിക്കാതെയും അവയെ അതിക്രമിക്കുന്നതിന് ഓഡിനന്‍സുകളും മറ്റും അവലംബിച്ചും, ഇതര മതങ്ങളെ സംബന്ധിച്ച വിധികള്‍ വന്ന സമയത്ത് വിശ്വാസത്തിന്റെ പ്രശ്‌നമാണത്, അതുകൊണ്ട് അതിലേക്ക് സര്‍ക്കാരിന് കടന്നുചെന്ന് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും മറ്റും നയമെടുത്ത കേരള സര്‍ക്കാര്‍ ഹൈന്ദവരുടെ ഉപരി, ശബരിമല ക്ഷേത്രത്തിനുപരി, നമ്മുടെ വിശ്വാസവ്യവസ്ഥയ്ക്ക് ഉപരി തീര്‍ത്തും ക്ഷമിക്കാനാകാത്ത രീതിയിലുള്ള കടന്നുകയറ്റം നടത്തിയിരിക്കുകയാണ്. നിരോധനാജ്ഞ പുറപ്പെടുവിച്ചും ആയിരക്കണക്കിന് പോലീസ് ഉദ്യോഗസ്ഥന്മാരെ വിന്യസിച്ചും അതിലുപരി നൂറ്റാണ്ടുകളായി പരിപാലിക്കപ്പെട്ട ശബരിമല സന്നിധാനത്തിലെ ശുദ്ധിയെത്തന്നെ ഇല്ലാതാക്കിയും ബൂട്ട് മുതലായവ ഉപയോഗിച്ചുകൊണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ കടന്നുചെല്ലുക, ശബരിമല ക്ഷേത്രത്തിലെ ആചാര്യന് ശുദ്ധികലശം ചെയ്യേണ്ടിവരുക, തുടങ്ങിയ സാഹചര്യങ്ങളുണ്ടായി. ആചാരത്തെ ധ്വംസിക്കുമെന്നുള്ള സങ്കല്‍പ്പത്തോടുകൂടി, പ്രതിജ്ഞയോടുകൂടി വന്നുചേരുന്ന യുവതികള്‍ക്ക് അകമ്പടി സേവിച്ചുകൊണ്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വലിയ വ്യൂഹം ഭക്തമനസ്സുകളെ മുഴുവന്‍ ചവിട്ടിമെതിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന സാഹചര്യം ഉണ്ടായി. ഞങ്ങള്‍ കോടതിവിധി നടപ്പിലാക്കുക മാത്രമാണ് ചെയ്യുന്നതെന്ന് പുറമേ അസത്യം ആവര്‍ത്തിച്ച് പറയുന്ന ഒരു സ്ഥിതിവിശേഷമാണ് സര്‍ക്കാരില്‍നിന്ന് പ്രത്യേകിച്ച് മുഖ്യമന്ത്രിയില്‍നിന്ന് നമ്മള്‍ കാണുന്നത്, കേള്‍ക്കുന്നത്.

സെപ്തംബര്‍ 28-ാം തീയതിയിലെ വിധി, അതും ഒരു ഭരണഘടനാ ബഞ്ചിന്റെ വിധി, ജനുവരി 22-ാം തീയതി തുറന്ന കോടതിയില്‍ പരിഗണിക്കാന്‍ സുപ്രീംകോടതി പരിഗണിച്ച സാഹചര്യത്തില്‍, മുന്‍വിധിയില്‍ കാതലായ പ്രശ്‌നമുണ്ട്, അത് തിരുത്തപ്പെടേണ്ടതാണ് എന്ന് സുപ്രീംകോടതിതന്നെ നിശ്ചയിച്ച സാഹചര്യത്തില്‍, ഏതു കോടതിയുടെ വിധിയാണ് ഇവര്‍ നടപ്പിലാക്കാന്‍ പരിശ്രമിക്കുന്നത്. അങ്ങനെയെങ്കില്‍ ഇപ്പോള്‍ നിലവിലുള്ള വിധി 1991ല്‍ കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധിയാണ്. അപ്പോള്‍ ഇല്ലാത്ത വിധിയുടെ പേരില്‍ ശബരിമലയെ അവഹേളിക്കാന്‍ വേണ്ടി, അവിടുത്തെ ആചാരവ്യവസ്ഥയെ മുഴുവന്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നു. അതിലൂടെ ഹൈന്ദവ ചേതനയെത്തന്നെ നശിപ്പിക്കാനായി കുടിലമായ രാഷ്ട്രീയലക്ഷ്യം മുന്‍നിര്‍ത്തുന്നു. ബാഹ്യമായി നമുക്ക് കാണാന്‍ സാധിക്കാത്തതും ഭാവിയില്‍ നിശ്ചയമായും നമ്മള്‍ അറിയാന്‍ പോകുന്നതുമായ, മറ്റ് സാമ്പത്തിക വിഷയങ്ങള്‍, ശബരിമലയെ ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കി തീര്‍ക്കുക, അതിലൂടെ സമീപസ്ഥമായി നിര്‍മ്മിക്കാന്‍ പോകുന്ന എയര്‍പോര്‍ട്ടും റിസോര്‍ട്ടുകളുമൊക്കെ ലാഭകരമാക്കി തീര്‍ക്കുക എന്ന ഒരു ലക്ഷ്യവുമുണ്ട്. കോടിക്കണക്കിന് ജനങ്ങളുടെ ആശയും പ്രതീക്ഷയും തകര്‍ക്കാനുള്ള ഒരു നിശ്ചിത ബുദ്ധിയോടുകൂടിയുള്ള പ്രവര്‍ത്തനം കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്നു, വിശേഷിച്ച്, വാശിയോടുകൂടി ധാര്‍ഷ്ട്യത്തിന്റെ ഭാഷയോടുകൂടി മാത്രം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ നിര്‍ദ്ദേശം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഏതാനും ചില പോലീസ് ഉദ്യോഗസ്ഥന്മാരും. ഇത് പറയാന്‍ കാരണം ഭൂരിപക്ഷം പോലീസ് ഉദ്യോഗസ്ഥന്മാരും ഇത്തരം നടപടികളില്‍ വേദന അനുഭവിക്കുന്നവരാണ്. വ്യാകുലത ഉള്ളില്‍ സൂക്ഷിക്കുന്നവരാണ്.

പക്ഷേ, എന്തുചെയ്യാനൊക്കും? ഈ രീതിയില്‍ ഹിന്ദുധര്‍മ്മത്തെ അവഹേളിക്കാന്‍ മാത്രം കച്ചകെട്ടി ഒരു ഭരണവര്‍ഗ്ഗം അവരുടെ ശക്തി മുഴുവന്‍ വിനിയോഗിക്കുന്ന സമയത്ത് നമുക്ക് കയ്യുംകെട്ടി നോക്കിനില്‍ക്കാന്‍ സാധ്യമല്ല. കേരളത്തിലുള്ള ആബാലവൃദ്ധം ജനങ്ങളും ഹിന്ദുധര്‍മ്മ വിശ്വാസികളും ക്ഷേത്രാരാധനാ മര്യാദകളെ അംഗീകരിക്കുന്നവരും വിശ്വസിക്കുന്നവരും ഒറ്റക്കെട്ടായി ഈ അയ്യപ്പജ്യോതിയില്‍ അണിനിരക്കുകയാണ്. ഒരു കാലഘട്ടത്തില്‍ നമ്മുടെ നാട്ടിലുണ്ടായിരുന്ന ദുഷിച്ച ചില വ്യവസ്ഥകളും വേദവേദാന്തവിദ്വാന്മാരായ നവോത്ഥാന നായകന്മാരുടെ പ്രവര്‍ത്തനങ്ങളിലൂടെ തീര്‍ത്തും ഇല്ലാതാക്കപ്പെട്ടതുമായ ദുഷിച്ച വ്യവസ്ഥകളെയൊക്കെ എവിടുന്നോ പുറത്തേക്ക് കൊണ്ടുവരുന്നു. ആ ദുഷിച്ച ഭാഗങ്ങളെ സമൂഹത്തില്‍ വാരിവിതറുന്നു. നവോത്ഥാനത്തിനുവേണ്ടി ആദ്ധ്യാത്മിക ആചാര്യന്മാരാണ്, നവോത്ഥാന നയകന്മാരാണ് പരിശ്രമിച്ചത് എന്ന യാഥാര്‍ത്ഥ്യത്തെ മുഴുവന്‍ വളച്ചൊടിക്കുന്നു. ഹിന്ദുധര്‍മ്മത്തെ സമൂലം, സമഗ്രം അപമാനിക്കാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തില്‍ നമ്മുടെ ഇടയ്ക്ക് എത്രയോ ആചാര്യവര്യന്മാരുടെയും പ്രസ്ഥാനങ്ങളുടെയും പ്രവര്‍ത്തനങ്ങളിലൂടെ ഇല്ലാതാക്കാന്‍ കഴിഞ്ഞ ഹീനമായ ജാതീയതയും മറ്റും ദുഷ്ടലക്ഷ്യത്തോടുകൂടി വീണ്ടും വളര്‍ത്തിയെടുക്കാന്‍ പരിശ്രമിച്ച് നമുക്കിടയില്‍ മതിലുകള്‍ തീര്‍ക്കാന്‍ സര്‍ക്കാര്‍ പരിശ്രമിക്കുന്നു. ഈ സമയത്ത് തമസോമാ ജ്യോതിര്‍ഗമയ- ഇരുട്ടില്‍ നിന്ന് എന്നെ വെളിച്ചത്തിലേക്ക് നയിക്കേണമെ എന്ന വൈദികമായ സന്ദേശം സമൂഹത്തില്‍ ഉയര്‍ത്തുന്നതിനും നിശ്ചയമായും ഈ അയ്യപ്പജ്യോതി ഉപകരിക്കും. ശബരിമലയിലെ ആചാര വ്യവസ്ഥയെയും വിശ്വാസങ്ങളെയും അതിലൂടെ സനാതന ധര്‍മ്മത്തിന്റെ വ്യവസ്ഥയെയും സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായിക്കൊണ്ട്, അതിന് വിപരീതമായി പ്രവര്‍ത്തിക്കുന്ന ശക്തികള്‍ക്ക് താക്കീതായിക്കൊണ്ട് കാസര്‍കോഡ് മുതല്‍ കന്യാകുമാരി വരെ ജ്വലിച്ചുയരുന്ന ഈ അയ്യപ്പജ്യോതി, അതിനുവേണ്ടി പ്രവര്‍ത്തിക്കുന്ന എല്ലാ സജ്ജനങ്ങള്‍ക്കും ഋഷിപരമ്പരയുടെ, ആചാര്യപരമ്പരയുടെ അനുഗ്രഹം പൂര്‍ണ്ണമായിട്ട് ഉണ്ടാകട്ടെ എന്ന് സങ്കല്‍പ്പിക്കുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *

ViBESolutions (P) Ltd | Technopark Campus| Thiruvananthapuram, Kerala 695581 | www.vibesolution.com | Designed by Vibesolutions.